എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിനു സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിപോസ്റ്റില്‍ ഇടിച്ച് യുവാക്കള്‍ക്കു പരിക്ക്. കളങ്ങര കോട്ടവിരുത്തില്‍ രഞ്ചു, നീരേറ്റുപുറം സ്വദേശി ഉമേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് അപകടം. കൈയും കാലും ഒടിഞ്ഞ രഞ്ചുവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഉമേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ എന്ജിന് ഉള്‍പ്പെടെ തകര്‍ന്നു. ആലപ്പുഴയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത യുവാക്കള്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടം. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഈ പ്രദേശത്ത് അപകടം നിത്യസംഭവമായി മാറിയിട്ടുണ്ട്. ചെറുതും വലുതുമായി പത്തിലേറെ അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.